എം. പ്രേംകുമാർ
തിരുവനന്തപുരം: നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പു ഫലത്തിൽ കണക്കുകൂട്ടലുകളിൽ ആകെ പാളി സിപിഎം. പാർട്ടി തെരഞ്ഞെടുപ്പു പരിശോധന റിപ്പോർട്ടിൽ ഒരിടത്തും ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജ് വിജയിക്കുമെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥിക്ക് ഇത്രയും ഭൂരിപക്ഷം ലഭിക്കുമെന്നു കരുതിയില്ല. ഒപ്പം പി.വി. അൻവർ നേടിയ വോട്ടും പാർട്ടിയെ ആശങ്കപ്പെടുത്തി. നിലന്പൂർ യുഡിഎഫ് മണ്ഡലമാണെന്നു മനസില്ലാമനസോടെ ഇടതു നേതാക്കൾ പറയുന്നുണ്ടെങ്കിലും സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പിന്നോട്ടു പോയതു രാഷ്ട്രീയമായി വലിയ തിരിച്ചടിയായി. ഫലം പരിശോധിക്കുമെന്നും തിരുത്തേണ്ടതു തിരുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞെങ്കിലും സ്വരാജിന്റെ പരാജയം പാർട്ടിയിൽ വലിയ ഉൾപാർട്ടി ചർച്ചകൾക്കും വഴിയൊരുക്കും.
ആർഎസ്എസ് പരാമർശം വിനയായി
ഉപതെരഞ്ഞെടുപ്പിന്റെ തലേന്ന് അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സിപിഎം സഹകരിച്ചിട്ടുണ്ടെന്ന പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശം ഏറെ വിവാദമായി. ഗോവിന്ദന്റെ ഈ പറച്ചിൽ ഹിന്ദു വോട്ടുകൾ ഇടതുപക്ഷത്തിന് അനുകൂലമായി ഏകീകരിക്കാൻ വേണ്ടിയാണെന്ന തോന്നൽ പൊതുവെയുണ്ടായി. ഇത് പാർട്ടി സെക്രട്ടറിയുടെ അതിബുദ്ധിയാണെന്നു മനസിലാക്കിയും പിന്നീടു ദോഷമാകുമെന്നു കണ്ടുകൊണ്ടുമാണു പാർട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസുമായി ഒരു ബന്ധവും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്നു തറപ്പിച്ചു പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ നിലപാടു പാർട്ടി സെക്രട്ടറിക്കുള്ള തിരുത്തൽകൂടിയാണെന്ന് പിന്നീടു പൊതുവെ വ്യാഖ്യാനിക്കപ്പെട്ടു. പാർട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തിരുത്തിയ സിപിഎമ്മിലെ അസാധാരണമായ നടപടിക്കും ഇതു വഴിവച്ചു.
ഗോവിന്ദന്റെ ആർഎസ്എസ് പരാമർശത്തിനു പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഹിന്ദു അനുകൂല പ്രസ്താവനകൂടി വന്നതോടെ ഒരർഥത്തിൽ സിപിഎം കൂടുതൽ വെട്ടിലായി. ന്യൂനപക്ഷ വോട്ടുകൾ, പ്രത്യേകിച്ചു മുസ്ലിം വോട്ടുകൾ യുഡിഎഫിന് കൂടുതൽ അനുകൂലമായി മാറുമെന്ന് പാർട്ടിക്ക് ഉറപ്പായി.
ലീഗിനും അൻവറിനും ആര്യാടൻ ഷൗക്കത്തിനോടുള്ള നീരസം മുസ്ലിം വോട്ടുകളിൽ കാര്യമായ വിള്ളലുണ്ടാക്കുമെന്നു കരുതിയാണു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ എം. സ്വരാജിനെ സിപിഎം സ്ഥാനാർഥിയാക്കിയത്. എന്നാൽ, എം.വി. ഗോവിന്ദന്റെ അസ്ഥാനത്തുള്ള പരാമർശം ഇടതുമുന്നണിക്കു തിരിച്ചടിയായെന്നാണു സിപിഎമ്മിലെ പ്രധാന നേതാക്കളുടെയെല്ലാം വിലയിരുത്തൽ.
നിലന്പൂരിലെ പരാജയം സിപിഎം വിശദമായി പരിശോധിച്ചാൽ പ്രതിക്കൂട്ടിലാകുന്നതു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാകും. വോട്ടെടുപ്പിനു ശേഷം നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പിനെ സംബന്ധിച്ചു വിശദമായ ചർച്ചയൊന്നും നടത്തിയില്ല. ഫലം വന്നശേഷം പരിശോധനയാകാമെന്ന നിലപാടിലായിരുന്നു പാർട്ടി. അതുകൊണ്ടുതന്നെ പാർട്ടി സെക്രട്ടറിയുടെ ആർഎസ്എസ് പരാമർശം ചർച്ച ചെയ്തില്ല. എന്നാൽ, ഫലം ചർച്ച ചെയ്യാൻ ചേരുന്ന അടുത്ത പാർട്ടി നേതൃയോഗങ്ങളിൽ ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി വിമർശിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്.
അൻവറിന്റെ സ്വാധീനം ചർച്ചയാകും
തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിൽ പി.വി. അൻവർ ഒരുതരത്തിലും ഇടതുസ്ഥാനാർഥിയെ ദോഷമായി ബാധിക്കില്ലെന്ന വിലയിരുത്തലായിരുന്നു സിപിഎമ്മിനുണ്ടായിരുന്നത്. അൻവറിന്റെ പേരുപോലും ചർച്ചചെയ്യേണ്ട കാര്യം ഇല്ലെന്നായിരുന്നു തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരൻകൂടിയായിരുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞിരുന്നത്. എന്നാൽ വോട്ടെടുപ്പു കഴിഞ്ഞു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അൻവർ എത്ര വോട്ടുപിടിക്കുമെന്ന കാര്യത്തിൽ പോലും നിശ്ചയമുണ്ടായിരുന്നില്ല.
അതായത്, അൻവറിന്റെ മണ്ഡലത്തിലെ സ്വാധീനം മനസിലാക്കാൻപോലും പാർട്ടിക്കു കഴിഞ്ഞില്ലെന്നർഥം. സിപിഎമ്മിനു വലിയ സ്വാധീനമുണ്ടായിരുന്ന പഞ്ചായത്തുകളിൽ എം. സ്വരാജ് പിന്നിൽ പോയതു പാർട്ടിക്കു പരിശോധിക്കാതിരിക്കാനാകില്ല. നിലന്പൂർ തെരഞ്ഞെടുപ്പു ഫലം വരുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളെ ഒരുവിധത്തിലും സ്വാധീനിക്കില്ലെന്നു സിപിഎം പറയുന്നുണ്ടെങ്കിലും വീണ്ടും ഭരണത്തിലെത്താമെന്ന പാർട്ടിയുടെ കണക്കുകൂട്ടലിനു ചെറിയ തോതിലെങ്കിലും മങ്ങലേറ്റിട്ടുണ്ട്.